അങ്കണവാടികളിലെ കുട്ടികളുടെ ആരോഗ്യപരിപാലനത്തിന് പുതിയ ചുവടുവെപ്പ്; ‘ബാല്യസ്പന്ദനം’ പദ്ധതിക്ക് തുടക്കം
September 3, 2026
അമ്പലപ്പാറ: അങ്കണവാടി കുട്ടികളുടെ ആരോഗ്യവും വളർച്ചയും കൂടുതൽ കാര്യക്ഷമമായി നിരീക്ഷിക്കുന്നതിനും ആരോഗ്യപരമായ ഭാവിയിലേക്ക് അവരെ കൈപിടിച്ചുയർത്തുന്നതിനുമായി അമ്പലപ്പാറ ഗ്രാമപഞ്ചായത്തിൽ ‘ബാല്യസ്പന്ദനം’ പദ്ധതിക്ക് തുടക്കമായി.
‘വിഷൻ 2031 – 100 ദിന കർമ്മ പദ്ധതി യുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം സെപ്റ്റംബർ 2 ബുധനാഴ്ച രാവിലെ 10ന് അമ്പലപ്പാറ അങ്കണവാടിയിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ ലക്ഷ്മി ദാമോദർ സ്വാഗതം പറയുകയും വൈസ് പ്രസിഡണ്ട് സൗദാസലീം അധ്യക്ഷത വഹിക്കുകയും ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം ജി ലത, വാർഡ് മെമ്പർ കെ സുകുമാരൻ, സിഡിപിഒ ശ്രീജ.പി.എം തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ ടി ആർ ധനേഷ്, പബ്ലിക് ഹെൽത്ത് നേഴ്സ് സൂപ്പർവൈസർ കെ എസ് മായ എന്നിവർ ക്ലാസ് നയിച്ചു. തുടർന്ന് നടന്ന മെഡിക്കൽ ക്യാമ്പിന് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ വിനോദ് വി കെ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി വിധുലക്ഷ്മി വിജയ്, എം എൽ എസ് പി ശ്രീമതി ആര്യ ടി എന്നിവർ നേതൃത്വം നൽകി.അംഗൻവാടി വർക്കർ ശ്രീമതി ഇന്ദിരാദേവി ടീച്ചർ നന്ദി രേഖപ്പെടുത്തി
അങ്കണവാടി പ്രായത്തിലുള്ള കുട്ടികളുടെ ആരോഗ്യവും വളർച്ചയും കൃത്യമായി വിലയിരുത്തുക, ആരോഗ്യപ്രശ്നങ്ങൾ നേരത്തെ കണ്ടെത്തുക, ആവശ്യമായ പരിചരണവും വിദഗ്ധ സേവനങ്ങളും ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. കുട്ടികളുടെ ആരോഗ്യവളർച്ചയ്ക്ക് ആവശ്യമായ പരിശോധനകളും നിരീക്ഷണങ്ങളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.
ആരോഗ്യവകുപ്പിന്റെയും വനിതാ-ശിശു വികസന വകുപ്പിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന ‘ബാല്യസ്പന്ദനം’ കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലിന് പുതിയ മാതൃകയാകുമെന്നാണ് പ്രതീക്ഷ. പദ്ധതിയിലൂടെ അങ്കണവാടി കുട്ടികളുടെ ആരോഗ്യവും വളർച്ചയും ഉറപ്പാക്കുന്നതിനൊപ്പം അവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ ആരോഗ്യബോധവത്കരണവും ലഭ്യമാക്കും.