അമ്പലപ്പാറയിൽ അനീമിയ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു
October 14, 2026
അമ്പലപ്പാറ: വിളർച്ചയില്ലാത്ത ആരോഗ്യപൂർണ്ണമായ സമൂഹത്തെ ലക്ഷ്യമിട്ട് അമ്പലപ്പാറ ഗ്രാമപഞ്ചായത്തിന്റെയും സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ അനീമിയ ബോധവൽക്കരണ ക്ലാസ്സും വിളർച്ച നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിന്റെ നടപ്പ് സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിപാടി നടപ്പിലാക്കുന്നത്. ചുനങ്ങാട് പൊതുജന വായനശാലയിൽ വെച്ചു നടന്ന പഞ്ചായത്തുതല പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണപ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ജസീന ഹാരിഷ് സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ കെ. ശൈലജ, ഒറ്റപ്പാലം ബ്ലോക്ക് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. രാധാകൃഷ്ണൻ, പൊതുജന വായനശാല പ്രസിഡന്റ് കെ. ശങ്കരനാരായണൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
തുടർന്ന് നടന്ന ബോധവൽക്കരണ സെഷനിൽ അമ്പലപ്പാറ സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ വി.കെ. വിനോദ്, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് എം. ഷെമി എന്നിവർ വിഷയത്തെ ആസ്പദമാക്കി ക്ലാസുകൾ നയിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വി.കെ. രാഗി ചടങ്ങിന് നന്ദി രേഖപ്പെടുത്തി.