യുവത്വത്തിന്റെ ഉത്സവപ്പൊലിമയ്ക്ക് തിരശ്ശീല; അമ്പലപ്പാറ പഞ്ചായത്ത് കേരളോത്സവത്തിന് ആവേശോജ്ജ്വല സമാപനം.
November 9, 2026
അമ്പലപ്പാറ: ഗ്രാമീണ കായിക-കലാ പ്രതിഭകളുടെ വിസ്മയ പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിച്ച് അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026 പ്രൗഢഗംഭീരമായി സമാപിച്ചു. ഒക്ടോബർ 17-ന് തുടക്കം കുറിച്ച് മൂന്നാഴ്ചയോളം നീണ്ടുനിന്ന ഉത്സവരാവുകൾക്കാണ് കൊടിയിറങ്ങിയത്. 327 പോയിന്റ് നേടിയ വയങ്കാവ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് എവർ റോളിംഗ് ട്രോഫി കരസ്ഥമാക്കി. 185, 131 പോയിന്റ് വീതം നേടിയ ലയൺസ് അമ്പലപ്പാറ, യുവരശ്മി ആർട്സ് & സ്പോർട്സ് ക്ലബ്ബുകൾ രണ്ടും മൂന്നും സ്ഥാനം നേടി. സമാപനചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സൗദ സലീം അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണ പ്രകാശ് എല്ലാവരേയും സ്വാഗതം ചെയ്തു. ഒറ്റപ്പാലം ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. രാധാകൃഷ്ണൻ, പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി ഷെമീർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.ജി ലത, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജസ്ബീർ നൗഷാദ്, അസി: സെക്രട്ടറി കെ.പി ദീപക്, മെമ്പർമാർ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം കരസ്ഥമാക്കിയവർക്ക് ട്രോഫിയും, വിജയിച്ച എല്ലാവർക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വിവിധ മത്സര ഇങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർ ബ്ലോക്ക് തല മത്സരങ്ങളിൽ പങ്കെടുക്കും.
പഞ്ചായത്തിലെ 32-ഓളം യുവജന-കായിക ക്ലബ്ബുകളുടെ സജീവ പങ്കാളിത്തത്തോടെ വിവിധ വേദികളിലായി അരങ്ങേറിയ കലാ-കായിക മത്സരങ്ങൾ ആവേശഭരിതമായിരുന്നു. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് പ്രതിഭകളാണ് തങ്ങളുടെ കഴിവുകൾ മാറ്റുരയ്ക്കാൻ വേദികളിലെത്തിയത്. കായികമത്സരങ്ങളിലെ വീറും വാശിയും കലാമത്സരങ്ങളിലെ വർണ്ണപ്പൊലിമയും കേരളോത്സവത്തെ ജനകീയ ഉത്സവമാക്കി മാറ്റി.
മത്സരങ്ങൾ ചിട്ടയോടെയും സമയബന്ധിതമായും സംഘടിപ്പിക്കുന്നതിൽ പ്രദേശത്തെ ക്ലബ്ബുകൾ നൽകിയ അകമഴിഞ്ഞ പിന്തുണയും സഹകരണവും മാതൃകാപരമായിരുന്നു. നാട്ടുകാരുടെ നിറഞ്ഞ സാന്നിധ്യവും പ്രോത്സാഹനവും മേളയുടെ മാറ്റുകൂട്ടി. വരും വർഷങ്ങളിൽ ഇതിലും വിപുലമായ രീതിയിലും പൂർവ്വാധികം ഭംഗിയോടും കൂടി കേരളോത്സവം സംഘടിപ്പിക്കുമെന്ന ഉറപ്പോടെയാണ് ഈ വർഷത്തെ മേളയ്ക്ക് കൊടിയിറങ്ങിയത്.