സർഗ്ഗാത്മകതയുടെ അരങ്ങ് – അമ്പലപ്പാറ ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി ഉള്ളവർക്കായി കലോത്സവം നടന്നു.
November 28, 2026
അമ്പലപ്പാറ: ഭിന്നശേഷി വിഭാഗക്കാരുടെ സർഗ്ഗവാസനകൾക്ക് ചിറകുകൾ നൽകിക്കൊണ്ട് അമ്പലപ്പാറ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്കായുള്ള കലോത്സവം സംഘടിപ്പിച്ചു. തേൻതുള്ളി എന്നപേരിൽ 2026 നവംബർ 27-ന് ഗ്രാമപഞ്ചായത്ത് കല്യാണ മണ്ഡപത്തിൽ വെച്ച് നടന്ന വർണ്ണാഭമായ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. രാധാകൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ബഹു: ഒറ്റപ്പാലം നിയോജകമണ്ഡലം എം.എൽ.എ അഡ്വ. കെ. പ്രേംകുമാർ അവർകൾ കലോത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സൗദ സലീം ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു.
ശാരീരികമോ മാനസികമോ ആയ പരിമിതികളെ അതിജീവിച്ച് പൊതുവേദിയിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിലൂടെ അവരിൽ വലിയ ആത്മവിശ്വാസവും ആത്മാഭിമാനവും വളർത്തുകയാണ് ചെയ്യുന്നത്. ഭിന്നശേഷിക്കാർ സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണെന്ന സന്ദേശം നൽകാനും, അവരോടുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടിൽ ക്രിയാത്മകമായ മാറ്റങ്ങൾ കൊണ്ടുവരാനും വേണ്ടിയാണ് അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അതിലൂടെ ഭിന്നശേഷി സൗഹൃദ അന്തരീക്ഷം കെട്ടിപ്പെടുക്കാനും കഴിയുന്നു. സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് പലപ്പോഴും മാറ്റിനിർത്തപ്പെടുന്ന ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് തങ്ങളുടെ ഉള്ളിലെ കലാപരമായ കഴിവുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള മികച്ച വേദിയായി കലോത്സവം മാറി. ചടങ്ങിൽ പങ്കെടുത്ത മുഴുവൻ കലാകാരന്മാർക്കും സ്നേഹോപഹാരങ്ങൾ നൽകി അനുമോദിച്ചു.
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ടി ഷെമീർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.ജി ലത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. കൃഷ്ണപ്രകാശ്, തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. വിവിധ വാർഡ് മെമ്പർമാർ, അങ്കണവാടി വർക്കർമാർ ഹെൽപർമാർ, തുടങ്ങി നിരവധിപേർ പരിപാടിയിൽ പങ്കെടുത്തു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ലക്ഷ്മി ദാമോദർ നന്ദി പറഞ്ഞു.