ബാലപ്രതിഭകൾക്ക് ആവേശമായി ‘ചിലങ്ക-വർണ്ണക്കൂട്’; അമ്പലപ്പാറയിൽ ബാലസഭ സംഘടിപ്പിച്ചു.
November 28, 2026
അമ്പലപ്പാറ: കുട്ടികളുടെ കലാ-സാഹിത്യ വാസനകൾ പരിപോഷിപ്പിക്കാനും അവരുടെ സർഗ്ഗാത്മകതയ്ക്ക് ചിറകേകാനും ലക്ഷ്യമിട്ട് അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് ബാലസഭ കലോത്സവം ‘ചിലങ്ക (വർണ്ണക്കൂട്)’ സംഘടിപ്പിച്ചു. 28/11/2026 ന് ഗ്രാമപഞ്ചായത്ത് കല്യാണ മണ്ഡപത്തിൽ വച്ച് സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് സൗദ സലിം അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്വാഗതം ആശംസിച്ചു. ആരോഗ്യ-വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണപ്രകാശ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. ഷെമീർ, ബ്ലോക്ക് മെമ്പർ കെ. വിനോദ്, പഞ്ചായത്ത് മെമ്പർ ആതിര മുരളി, ഐ.സി.ഡി.എസ്. സൂപ്പർവൈസർ ലക്ഷ്മി ദാമോദർ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. വാർഡ് മെമ്പർമാരായ സാബിറ അമീർ, എം. ഉമ്മർ,എം. പ്രീതി, സി. ഷീബ, കെ. ഷൈലജ, വി. ജസീന, ജി. പ്രേമാനന്ദ്, വിവിധ അങ്കണവാടി വർക്കർമാർ, ഹെൽപർമാർ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
കുട്ടികളുടെ മാനസികവും ബൗദ്ധികവുമായ വളർച്ച ഉറപ്പാക്കുന്നതിനൊപ്പം, ശിശുസൗഹൃദ അന്തരീക്ഷം ഗ്രാമത്തിൽ സൃഷ്ടിക്കുക എന്നതാണ് അമ്പലപ്പാറ ഗ്രാമപഞ്ചായത്തിന്റെ പ്രധാന ലക്ഷ്യം. കലയും സാഹിത്യവും പരിസ്ഥിതി ബോധവും സമന്വയിപ്പിച്ചുകൊണ്ട്, ഓരോ കുട്ടിയുടെയും കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും അവർക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ഭാവി ഒരുക്കാനും പഞ്ചായത്ത് പ്രതിജ്ഞാബദ്ധമാണ്. കേവലം വിനോദത്തിനപ്പുറം കുട്ടികളുടെ വ്യക്തിത്വ വികാസത്തിലും സാമൂഹിക അവബോധം വളർത്തുന്നതിലും ബാലസഭകൾ വഹിക്കുന്ന പങ്ക് ഏറെ വലുതാണ്. ജനാധിപത്യ മൂല്യങ്ങൾ, നേതൃത്വപാടവം, സഹകരണ മനോഭാവം എന്നിവ കുട്ടികളിൽ ചെറുപ്പം മുതലേ വളർത്തിയെടുക്കാൻ ബാലസഭകൾ സഹായിക്കുന്നു. സമൂഹത്തിലെ നല്ല പൗരന്മാരായി വളർന്നുവരാൻ കുരുന്നുകൾക്ക് ലഭിക്കുന്ന മികച്ച വേദിയാണ് ഇത്തരം കൂട്ടായ്മകൾ.
കലോത്സവത്തോടനുബന്ധിച്ച് ‘സ്വച്ഛതാ ഹി സേവ’ യുടെ ഭാഗമായി സംഘടിപ്പിച്ച മാലിന്യ നിർമാർജന പോസ്റ്റർ തയ്യാറാക്കൽ മത്സരത്തിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ശുചിത്വ സന്ദേശം കുട്ടികളിലൂടെ സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. ചടങ്ങിന് അംഗൻവാടി വർക്കർ ബിനുമോൾ നന്ദി രേഖപ്പെടുത്തി.