അമ്പലപ്പാറയിൽ കന്നുകാലികൾക്കുള്ള കുളമ്പ് രോഗപ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് തുടക്കമായി
June 25, 2026
അമ്പലപ്പാറ: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി അമ്പലപ്പാറ ഗ്രാമപഞ്ചായത്തിൽ കുളമ്പ് രോഗപ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് തുടക്കമായി. പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഫീൽഡ്തല ഉദ്യോഗസ്ഥര്‍ക്ക് പ്രതിരോധ കിറ്റ് കൈമാറിക്കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. രാധാകൃഷ്ണൻ മാസ്റ്റര്‍ നിർവ്വഹിച്ചു. ജൂൺ 19 മുതൽ ജൂലൈ 13 വരെയാണ് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ പ്രതിരോധ കുത്തിവെപ്പ് നടക്കുക. നാലുമാസവും അതിനു മുകളിലും പ്രായമുള്ള പശു, എരുമ വർഗ്ഗത്തിൽപ്പെട്ട എല്ലാ ഉരുക്കളെയും ഈ കാലയളവിൽ നിർബന്ധമായും കുത്തിവെപ്പിന് വിധേയമാക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു. നാലു മാസത്തിൽ താഴെ പ്രായമുള്ള കന്നുകുട്ടികളെയും ഏഴു മാസത്തിനു മുകളിൽ ഗർഭിണികളായ കന്നുകാലികളെയും കുത്തിവെപ്പിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അമ്പലപ്പാറ സര്‍ക്കാര്‍ വെറ്റിനറി ഡിസ്പൻസറിയിൽ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിൽ വെറ്റിനറി സര്ജ്ജൻ ഡോ. ജെറീഷ്, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടര്‍ ദീപ തുടങ്ങിയവര്‍ പങ്കെടുത്തു.
ടാഗിംഗും ഇൻഷുറൻസും നിർബന്ധം
പ്രതിരോധ കുത്തിവയ്പ്പെടുത്ത എല്ലാ കന്നുകാലികളുടെയും ചെവിയിൽ തിരിച്ചറിയൽ ടാഗ് പതിപ്പിക്കുന്നതാണ്. കന്നുകാലികൾക്ക് ഭാവിയിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിന് ഈ പ്രതിരോധ കുത്തിവയ്പും ടാഗിംഗും നിർബന്ധമാക്കിയിട്ടുണ്ട്.
കർഷകരുടെ ശ്രദ്ധയ്ക്ക്: നിങ്ങളുടെ പ്രദേശത്ത് കുത്തിവെപ്പിനായി എത്തുന്ന ഉദ്യോഗസ്ഥരുമായി പൂർണ്ണമായി സഹകരിക്കണമെന്നും, രോഗബാധകളിൽ നിന്ന് വളർത്തുമൃഗങ്ങളെ സംരക്ഷിക്കാൻ എല്ലാവരും ഈ അവസരം വിനിയോഗിക്കണമെന്നും പഞ്ചായത്ത് അധികൃതർ അഭ്യർത്ഥിച്ചു.