Beneficiaries receiving social security pensions must mandatorily complete the mustering process on or before September 30.
ആരോഗ്യമുള്ള നാളേക്ക് കൈകോർത്ത് അമ്പലപ്പാറ; അങ്കണവാടി ഹെൽപർമാർക്കും പാചക തൊഴിലാളികൾക്കും പരിശീലനം നൽകി

May 22, 2026

കുട്ടികളുടെയും പൊതുജനങ്ങളുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന താഴെത്തട്ടിലുള്ള ജീവനക്കാർക്കായി വേറിട്ടൊരു ചുവടുവെപ്പുമായി അമ്പലപ്പാറ ഗ്രാമപഞ്ചായത്ത്. അമ്പലപ്പാറ ഗ്രാമപഞ്ചായത്തും അമ്പലപ്പാറ സാമൂഹിക ആരോഗ്യ കേന്ദ്രവും (CHC) സംയുക്തമായി അങ്കണവാടി ഹെൽപർമാർക്കും സ്കൂളുകളിലെ പാചക തൊഴിലാളികൾക്കുമായി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി  ചെയർമാൻ കെ കൃഷ്ണപ്രകാശ് അധ്യക്ഷത വഹിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ  രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ എൽ നിഷ, ഹെൽത്ത് ഇൻസ്പെക്ടർ വി കെ വിനോദ്, ഗ്രാമപഞ്ചായത്ത് , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അജ്മൽ ഹസൻ എന്നിവർ ക്ലാസ് നയിച്ചു.  
ശുചിത്വം, പോഷകാഹാരം, പകർച്ചവ്യാധി പ്രതിരോധം എന്നിവ മുൻനിർത്തിയാണ് ഏകദിന പരിശീലന ക്യാമ്പ് ഒരുക്കിയത്.
പ്രധാന ലക്ഷ്യങ്ങളും ചർച്ച ചെയ്ത വിഷയങ്ങളും:
* *ഗുണനിലവാരമുള്ള പാചകം:* കുട്ടികൾക്ക് നൽകുന്ന ഭക്ഷണത്തിന്റെ പോഷകമൂല്യം നഷ്ടപ്പെടാതെയും ശാസ്ത്രീയമായും എങ്ങനെ പാചകം ചെയ്യാമെന്നതിനെക്കുറിച്ചുള്ള അവബോധം.
* *വ്യക്തിശുചിത്വവും പരിസരശുചിത്വവും:* പാചകപ്പുരകളിലും അങ്കണവാടികളിലും പാലിക്കേണ്ട കർശനമായ ശുചിത്വ മാനദണ്ഡങ്ങൾ.
* *പകർച്ചവ്യാധി പ്രതിരോധം:* മഴക്കാലം മുന്നിൽക്കണ്ട് ജലജന്യ രോഗങ്ങളെയും ഭക്ഷ്യവിഷബാധയെയും എങ്ങനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ചുള്ള കൃത്യമായ നിർദ്ദേശങ്ങൾ. "നമ്മുടെ കുഞ്ഞുങ്ങളുടെ ആരോഗ്യം സുരക്ഷിതമായ കൈകളിലാണെന്ന് ഉറപ്പുവരുത്തുകയാണ് ഈ പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്. ഭക്ഷണത്തിലൂടെയോ അശ്രദ്ധയിലൂടെയോ ഉണ്ടാകാൻ ഇടയുള്ള ചെറിയൊരു വീഴ്ച പോലും വലിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാം. അതൊഴിവാക്കാൻ ഇത്തരം പരിശീലനങ്ങൾ അത്യാവശ്യമാണ്," എന്ന് അധികൃതർ വ്യക്തമാക്കി. ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ശ്രേയസ് നന്ദി പറഞ്ഞു.
പങ്കെടുത്ത ജീവനക്കാർക്ക് തങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാനും അനുഭവങ്ങൾ പങ്കുവെക്കാനുമുള്ള പ്രത്യേക സെഷനും ഇതോടൊപ്പം സംഘടിപ്പിച്ചിരുന്നു.

poshan