സ്വച്ഛതാ ഹി സേവ: 'സ്വച്ഛ് പാഠശാല' പഞ്ചായത്തതല ഉദ്ഘാടനം ബി.വി.എൽ.പി സ്‌കൂളിൽ നടന്നു

September 23, 2026

അമ്പലപ്പാറ: ഒക്ടോബർ 2 ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ സംഘടിപ്പിക്കുന്ന 'സ്വച്ഛതാ ഹി സേവ' ശുചീകരണ ബോധവൽക്കരണ യജ്ഞത്തിന് അമ്പലപ്പാറ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. വിദ്യാർത്ഥികളിൽ മാലിന്യപരിപാലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി നടപ്പിലാക്കുന്ന 'സ്വച്ഛ് പാഠശാല' പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം ബി.വി.എൽ.പി സ്‌കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു.

പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് മിഠായി വിതരണം ചെയ്യുകയും, അതിന്റെ പ്ലാസ്റ്റിക് കവറുകൾ അലക്ഷ്യമായി വലിച്ചെറിയാതെ എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം എന്ന തിരിച്ചറിവ് ഉളവാക്കുന്നതിനായി വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കാൻ പരിശീലിപ്പിക്കുകയും ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണപ്രകാശ്, വാർഡ് മെമ്പർ കെ. വിജിത, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജസ്ബീർ നൗഷാദ്, ഹെൽത്ത് ഇൻസ്പെക്ടർ വി.കെ. വിനോദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

പഞ്ചായത്തിലെ മറ്റ് സ്‌കൂളുകളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ഹരിതകർമ്മസേനയ്ക്ക് കൈമാറുന്ന പ്രത്യേക ശുചീകരണ ഡ്രൈവ് പുരോഗമിക്കുകയാണ്. വരും ദിവസങ്ങളിൽ എൽ.പി, യു.പി, ഹൈസ്‌കൂൾ തലങ്ങളിൽ മാലിന്യപരിപാലനവുമായി ബന്ധപ്പെട്ട് വൈവിധ്യമാർന്ന ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ ഗ്രാമപഞ്ചായത്ത് പദ്ധതിയിട്ടിട്ടുണ്ട്.

swach padasala