Beneficiaries receiving social security pensions must mandatorily complete the mustering process on or before September 30.
ഉദ്ഘാടനവും പ്രഖ്യാപനവും പിന്നെ ഓജസ്പ്ലസ്സും * അമ്പലപ്പാറ CHC-യിൽ അത്യാധുനിക ബയോ കെമിസ്ട്രി അനലൈസർ പ്രവർത്തനം ആരംഭിച്ചു; പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളും ഇനി 'പുകയില രഹിതം'. സുമനസ്സുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഓജസ്പ്ലസ് പദ്ധതിക്കും തുടക്കമായി *

September 3, 2026

അമ്പലപ്പാറ: ഗ്രാമീണ മേഖലയിലെ നിർധനരായ രോഗികൾക്ക്  അതിവേഗത്തിലുമുള്ള രോഗനിർണ്ണയം സാധ്യമാക്കിക്കൊണ്ട് അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് സാമൂഹിക ആരോഗ്യകേന്ദ്രത്തിന് അനുവദിച്ച പൂർണ്ണ ഓട്ടോമാറ്റിക് ബയോ കെമിസ്ട്രി അനലൈസറിന്റെ ഉദ്ഘാടനം ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുരേഷ് നിർവ്വഹിച്ചു. ജീവിതശൈലീ രോഗങ്ങളും മറ്റ് മാരക രോഗങ്ങളും വർദ്ധിച്ചുവരുന്ന പുതിയ കാലഘട്ടത്തിൽ സാധാരണക്കാർക്ക് സാമ്പത്തിക ബാധ്യതയില്ലാതെ വേഗത്തിൽ കൃത്യമായ ലാബ് പരിശോധനകൾ ലഭ്യമാക്കാൻ ഇത്തരം സാങ്കേതിക സൗകര്യങ്ങൾ സഹായകമാക്കുകയാണ് ഗ്രാമപഞ്ചായത്ത് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. രാധാകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ടി.ആർ. ധനേഷ് സ്വാഗതം പറഞ്ഞു.

ലഹരിക്കെതിരെ വൻ മുന്നേറ്റം: സമ്പൂർണ്ണ പുകയില രഹിത വിദ്യാലയ പ്രഖ്യാപനം

യുവതലമുറയ്ക്കിടയിൽ ലഹരി ഉപയോഗം പ്രതിരോധിക്കുന്നതിനുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി അമ്പലപ്പാറ ഗ്രാമപഞ്ചായത്തിലെ 23 വിദ്യാലയങ്ങളും പുകയില രഹിത പദവി കൈവരിച്ചു. പഞ്ചായത്തിനെ 'സമ്പൂർണ്ണ പുകയില രഹിത വിദ്യാലയ മേഖല'യായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ മാസ്റ്റർ പ്രഖ്യാപിക്കുകയും, വിദ്യാലയങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.

ക്ഷയരോഗ ബാധിതർക്ക് പ്രോട്ടീൻ പൗഡർ വിതരണ പദ്ധതിയായ “ഓജസ്പ്ലസ്”ന് തുടക്കം

ആരോഗ്യ മേഖലയിലെ ജനകീയ സഹകരണത്തിന്റെ മാതൃകയായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ക്ഷയരോഗികൾക്ക് പോഷകാഹാരം ഉറപ്പാക്കുന്ന 'ഓജസ് പ്ലസ്' പ്രോട്ടീൻ പൗഡർ വിതരണ പദ്ധതിക്കും തുടക്കമായി. രോഗികളുടെ വേഗത്തിലുള്ള രോഗമുക്തി ലക്ഷ്യമിട്ട് ശ്രീ. രഞ്ജിത്ത് സ്പോൺസർ ചെയ്ത പ്രോട്ടീൻ പൗഡർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മെഡിക്കൽ ഓഫീസറും ചേർന്ന് ഏറ്റുവാങ്ങി.

ചടങ്ങിൽ ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഗംഗാധരൻ, അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണപ്രകാശ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.ജി. ലത, വാർഡ് മെമ്പർമാരായ എം.പി. ഷീന, പി ശോഭ, ടി മുസ്തഫ, പി.പി. ഹരിദാസ്, പി.സി. സുരേഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു. ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ സി.സി. രാജൻ, കെ. ഗോപാലൻ, കെ.ബി. രമേഷ് എന്നിവരും ചടങ്ങിൽ സാന്നിധ്യമായിരുന്നു. ഹെൽത്ത് സൂപ്പർവൈസർ ശ്രീ കെ ആർ വിജയൻ നന്ദി രേഖപ്പെടുത്തി.

ojas