പകർച്ചവ്യാധികൾക്കെതിരെ 'സീറോ ഈഡിസ്', 'സ്റ്റോപ്പ് ഡയറിയ' ക്യാമ്പയിനുകളുമായി അമ്പലപ്പാറ ഗ്രാമപഞ്ചായത്ത്
July 27, 2026
അമ്പലപ്പാറ: മഴക്കാലത്ത് പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി അമ്പലപ്പാറ ഗ്രാമപഞ്ചായത്തും അമ്പലപ്പാറ സാമൂഹിക ആരോഗ്യ കേന്ദ്രവും സംയുക്തമായി വാർഡ്തല ആരോഗ്യസേനക്ക് ഏകദിന പരിശീലന ശിൽപ്പശാല സംഘടിപ്പിച്ചു. ‘സ്റ്റോപ്പ് ഡയറിയ’, കൊതുകുജന്യ രോഗങ്ങൾക്കെതിരെയുള്ള ‘സീറോ ഈഡിസ്’ എന്നീ ജനകീയ ആരോഗ്യ ക്യാമ്പയിനുകളുടെ ഭാഗമായാണ് പരിശീലനം നടത്തിയത്. അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ. രാധാകൃഷ്ണൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ കെ. കൃഷ്ണപ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ വി.കെ. വിനോദ് സ്വാഗതം ആശംസിച്ചു. തുടർന്ന് നടന്ന ബോധവൽക്കരണ ക്ലാസുകൾക്ക് സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ടി.ആർ. ധനേഷ്, പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസ് ടെകിനിക്കൽ അസിസ്റ്റന്റ് ശ്രീ സി.എം. രാധാകൃഷ്ണൻ, അമ്പലപ്പാറ സി.എച്ച്.സി ഹെൽത്ത് സൂപ്പർവൈസർ ശ്രീ വിജയൻ കെ ആർ എന്നിവർ നേതൃത്വം നൽകി.
പ്രധാന പരിശീലന വിഷയങ്ങളും നിർദ്ദേശങ്ങളും:
• സ്റ്റോപ്പ് ഡയറിയ ക്യാമ്പൈൻ: മഴക്കാലത്ത് ശുദ്ധജല സ്രോതസ്സുകൾ മലിനമാകുന്നതിലൂടെ ഉണ്ടാകുന്ന വയറിളക്ക രോഗങ്ങൾ തടയുക, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, വ്യക്തിശുചിത്വവും ആഹാരശുചിത്വവും പാലിക്കുക, കുട്ടികളിൽ ഉണ്ടാകുന്ന നിർജ്ജലീകരണം തടയാൻ ഒ.ആർ.എസ് (ORS), സിങ്ക് ഗുളികകൾ എന്നിവയുടെ വിതരണം വേഗത്തിലാക്കുക തുടങ്ങിയവയെക്കുറിച്ച് വിശദമായ ക്ലാസ് നൽകി.
• സീറോ ഈഡിസ് ക്യാമ്പൈൻ: ഡെങ്കിപ്പനി, ചിക്കൻഗുനിയ എന്നിവ പരത്തുന്ന ഈഡിസ് കൊതുകുകളുടെ പ്രജനനം പൂർണ്ണമായി തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുക, ആഴ്ചയിലൊരിക്കൽ ‘ഡ്രൈ ഡേ’ (Dry Day) ആചരിക്കുക, വാർഡ്തലത്തിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ആരോഗ്യസേന മുന്നിട്ടിറങ്ങണമെന്ന് ആഹ്വാനം ചെയ്തു.
ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി എം.ജി. ലത, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ശ്രീ ദീപക് കെ പി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വാർഡ് മെമ്പർമാരായ ശ്രീ പി.സി. സുരേഷ് കുമാർ, ശ്രീമതി എം. പ്രീതി, ശ്രീമതി വി. ജസീന, ശ്രീമതി എ. വിജിത, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി വിധുലക്ഷ്മി വിജയ് എന്നിവരും വിവിധ വാർഡുകളിൽ നിന്നുള്ള നിരവധി ആരോഗ്യസേന പ്രതിനിധികളും പങ്കെടുത്തു. സി.ഡി.എസ് ചെയർപേഴ്സൺ ശ്രീമതി പി.എസ്. സുരഭി ചടങ്ങിന് നന്ദി രേഖപ്പെടുത്തി.