അമ്പലപ്പാറ പഞ്ചായത്തിന്റെ വാർഷിക പദ്ധതി: 50% സബ്സിഡിയിൽ കുരുമുളക് തൈ വിതരണം ഉദ്ഘാടനം ചെയ്തു
July 25, 2026
അമ്പലപ്പാറ: പ്രാദേശിക കാർഷിക മേഖലയ്ക്ക് ഉണർവേകാനും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന കുരുമുളക് തൈ വിതരണ പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിന്റെ 2026-27 വർഷത്തെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി സംഘടിപ്പിച്ച തൈ വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം 21/07/2026 ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു. കാർഷിക മേഖലയുടെ പുരോഗതിക്കായി പഞ്ചായത്ത് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ഉയർന്ന ഗുണനിലവാരമുള്ള കുരുമുളക് തൈകൾ (വള്ളി) കർഷകരിലേക്ക് കുറഞ്ഞ ചെലവിൽ എത്തിക്കുകയാണ് പദ്ധതിയിലൂടെ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. കരിമുണ്ട, പന്നിയൂര്‍ ഇനത്തിൽപ്പെട്ട തൈകളാണ് വിതരണം ചെയ്തത്. വിപണിയിൽ 8 രൂപ നിരക്കുള്ള ഒരു കുരുമുളക് തൈ 50 ശതമാനം തുക സബ്സിഡിയായി നൽകി, കേവലം 4 രൂപ നിരക്കിലാണ് കർഷകർക്ക് ലഭ്യമാക്കുന്നത്. പഞ്ചായത്തിലെ ധാരാളം കർഷകർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
ചടങ്ങിൽ അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദ സലീം അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ബിൻസി സ്വാഗതം ആശംസിച്ചു. വികസനസ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ കെ.ടി ഷെമീര്‍, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സൺ എം.ജി ലത തുടങ്ങിയവര്‍ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, കൃഷി ഭവൻ ഉദ്യോഗസ്ഥർ, മേഖലയിലെ പ്രമുഖ കർഷകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. കൃഷി അസിസ്റ്റന്റ് ആര്‍. കെ പ്രമോദ് കൃഷ്ണൻ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.