സ്നേഹത്തണലിൽ ഓണമൊരുക്കി അമ്പലപ്പാറ; പാലിയേറ്റീവ് കുടുംബങ്ങൾക്ക് കരുതലിന്റെ ഓണക്കിറ്റുകൾ വിതരണം ചെയ്തു
September 3, 2026
അമ്പലപ്പാറ: നാട്ടുകാരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ്മയിൽ പാലിയേറ്റീവ് രോഗികൾക്കും കുടുംബങ്ങൾക്കും സ്നേഹസമ്മാനവുമായി അമ്പലപ്പാറ ഗ്രാമപഞ്ചായത്തും സാമൂഹികാരോഗ്യകേന്ദ്രവും. പഞ്ചായത്തിലെ 120 പാലിയേറ്റീവ് കുടുംബങ്ങൾക്കായി തയാറാക്കിയ ഓണക്കിറ്റുകളുടെ വിതരണോദ്ഘാടനം 18/08/2026 ന് അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നിർവ്വഹിച്ചു.
നാട്ടിലെ സുമനസ്സുകൾ, വിദ്യാലയങ്ങൾ, വിവിധ കുടുംബങ്ങൾ എന്നിവരുടെ പങ്കാളിത്തത്തോടും സ്പോൺസർഷിപ്പിലൂടെയുമാണ് മാതൃകാപരമായ ഈ ജീവകാരുണ്യ പദ്ധതി നടപ്പിലാക്കിയത്. കിറ്റിൽ ഉൾപ്പെടുത്തിയ ഓണപ്പുടവകൾ അമ്പലപ്പാറ കുടുംബശ്രീ യൂണിറ്റിൽ നിന്നാണ് ഗ്രാമപഞ്ചായത്ത് ഏറ്റുവാങ്ങിയത്.
വിദ്യാർത്ഥികളുടെ 'സ്നേഹബക്കറ്റ്'
ഓണസദ്യ ഒരുക്കാനാവശ്യമായ പലവ്യഞ്ജന സാധനങ്ങൾ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെയാണ് സമാഹരിച്ചത്. 'സ്നേഹബക്കറ്റ്' എന്ന പേരിൽ നടപ്പിലാക്കിയ ഈ പദ്ധതിയിലൂടെ 23 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും വിദ്യാർത്ഥികൾ ശേഖരിച്ച് നൽകിയ പലവ്യഞ്ജന സാധനങ്ങൾ പഞ്ചായത്ത് ഏറ്റുവാങ്ങി. ഇത്തരത്തിൽ സമാഹരിച്ച 16 തരം സാധനങ്ങളും കുടുംബശ്രീയുടെ ഓണപ്പുടവയും അടങ്ങുന്ന സമഗ്രമായ കിറ്റുകളാണ് കുടുംബങ്ങൾക്ക് നൽകിയത്.
സാമൂഹിക ആരോഗ്യ കേന്ദ്രം ആരോഗ്യപ്രവർത്തകർക്ക് കിറ്റുകൾ കൈമാറിക്കൊണ്ട് അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ മാസ്റ്റർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാ സലീം അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണപ്രകാശ് സ്വാഗത പ്രസംഗം നടത്തി.
ഒറ്റപ്പാലം ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. രാധാകൃഷ്ണൻ, അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം. ജി. ലത, ആസൂത്രണ സമിതി ഉപാധ്യക്ഷ കെ. കെ. ഗൗരി ടീച്ചർ, വാർഡ് മെമ്പർ ശ്രീ ഹരിദാസൻ പി പി, ജനപ്രതിനിധികൾ ,കുടുംബശ്രീ ചെയർപേഴ്സൺ പി. എസ്. സുരഭി, അമ്പലപ്പാറ സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ കെ. ആർ. വിജയൻ, പബ്ലിക് ഹെൽത്ത് നഴ്സ് മായ, അസിസ്റ്റന്റ് സെക്രട്ടറി കെ. പി. ദീപക്, ഹെൽത്ത് ഇൻസ്പെക്ടർ വി. കെ. വിനോദ് തുടങ്ങിയവർ ആശംസകൾ രേഖപ്പെടുത്തി. പാലിയേറ്റീവ് കെയർ നഴ്സ് കെ. സി. പങ്കജം ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തി.