ആരോഗ്യപൂർണ്ണമായ നാളേക്ക് 'പോഷൺ അഭിയാൻ 2.0': അമ്പലപ്പാറയിൽ അങ്കണവാടി ജീവനക്കാർക്ക് പരിശീലനം നൽകി
June 25, 2026
അമ്പലപ്പാറ: കുട്ടികളുടെയും അമ്മമാരുടെയും ആരോഗ്യ-പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന 'പോഷൺ അഭിയാൻ 2.0' പദ്ധതിയുടെ ഭാഗമായി അമ്പലപ്പാറ ഗ്രാമപഞ്ചായത്തിൽ അങ്കണവാടി ടീച്ചർമാർക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ഇന്നലെ (ജൂൺ 23) രാവിലെ 10 മണിക്ക് അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പരിശീലന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം. ജി. ലത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് (ICDS) സൂപ്പർവൈസർ ലക്ഷ്മി ദാമോദർ ചടങ്ങിൽ പങ്കെടുത്തവർക്ക് സ്വാഗതം ആശംസിച്ചു. പാലക്കാട് പ്രോഗ്രാം ഓഫീസർ ടി.വി മിനിമോൾ വിഷയാവതരണം നടത്തി.
ലക്ഷ്യം: പോഷകാഹാരക്കുറവില്ലാത്ത ഒരു നാളെ
പദ്ധതിയുടെ രണ്ടാം ഘട്ടമായ ‘പോഷൺ അഭിയാൻ 2.0’ വിഭാവനം ചെയ്യുന്ന പ്രധാന ലക്ഷ്യങ്ങളെക്കുറിച്ചും അത് താഴെത്തട്ടിൽ നടപ്പിലാക്കേണ്ട പ്രായോഗിക രീതികളെക്കുറിച്ചും അങ്കണവാടി ജീവനക്കാർക്ക് സമഗ്രമായ ധാരണ നൽകാനാണ് ഈ ശിൽപ്പശാല സംഘടിപ്പിച്ചത്. കുട്ടികളിലെ വളർച്ചക്കുറവ് (Stunting), വിളർച്ച (Anaemia), പോഷകാഹാരക്കുറവ് മൂലമുള്ള ഭാരക്കുറവ് (Underweight) എന്നിവ വരും വർഷങ്ങളിൽ കൃത്യമായ ശതമാനത്തിൽ കുറച്ചുകൊണ്ടുവരിക എന്നതാണ് ഈ തീവ്രയത്ന പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അധികൃതര്‍ ഓർമ്മിപ്പിച്ചു. NNM കോഡിനേറ്റർമാരായ ശ്രുതി , ഉണ്ണികൃഷ്ണൻ, നവീൻ എന്നിവർ രാവിലത്തെ സെഷനിൽ പോഷൻ അഭിയാൻ2.0 ക്ലാസ്സ് നയിച്ചു. ഉച്ചക്ക് ശേഷം നടന്ന സെഷനിൽ ഗർഭിണികൾക്ക് ലഭിക്കുന്ന PM MV Y ധനസഹായത്തിനുള്ള അപേക്ഷ സ്ഥീകരിക്കൽ , തുടർ പ്രവർത്തനങ്ങൾ എന്നിവ എങ്ങിനെ ഓൺലൈൻ വഴി ചെയ്യാം എന്ന വിഷയത്തെക്കുറിച്ച് പാലക്കാട് ജില്ലാ കോഡിനേറ്റർ, സുജിത്ത്കുമാർ , നിതിൻ എന്നിവരും ക്ലാസ്സ് നയിച്ചു.
ഗർഭാവസ്ഥ മുതൽ കുട്ടിക്ക് രണ്ട് വയസ്സ് തികയുന്നത് വരെയുള്ള ആദ്യത്തെ 1000 ദിവസങ്ങളിലെ പരിചരണവും പോഷക ലഭ്യതയും ഉറപ്പാക്കുക, കൗമാരക്കാരായ പെൺകുട്ടികളിലെയും ഗർഭിണികളിലെയും വിളർച്ചാ നിരക്ക് കുറയ്ക്കുക എന്നിവയും പരിശീലന പരിപാടിയുടെ പ്രധാന ചർച്ചാവിഷയങ്ങളായി. അങ്കണവാടികളിൽ പ്രാദേശികമായി 'പോഷൺ വാടികകൾ' (ന്യൂട്രി-ഗാർഡൻ) സ്ഥാപിച്ച് വിഷരഹിത പച്ചക്കറികൾ കുട്ടികളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ക്ലാസിൽ ഊന്നിപ്പറഞ്ഞു.
സാങ്കേതികവിദ്യയുമായി അങ്കണവാടികൾ
അങ്കണവാടികളിലെ ദൈനംദിന വിവരങ്ങളും കുട്ടികളുടെ വളർച്ചാ ഘട്ടങ്ങളും ഡിജിറ്റലായി രേഖപ്പെടുത്തുന്നതിനുള്ള 'പോഷൺ ട്രാക്കർ' (Poshan Tracker) മൊബൈൽ ആപ്ലിക്കേഷന്റെ കൃത്യമായ വിനിയോഗത്തെക്കുറിച്ചും അധ്യാപികമാർക്ക് ഈ പരിപാടിയിലൂടെ പ്രായോഗിക പരിശീലനം നൽകി. അങ്കണവാടി ജീവനക്കാരേ സംബന്ധിച്ചിടത്തോളം അവരുടെ പ്രവർത്തനങ്ങളെ വിലയിരുത്തുന്ന പ്രധാന ഉപാധിയാണ് പോഷൻ ട്രാക്കർ. അങ്കണവാടിയിലെ ദൈനദിന പ്രവർത്തനങ്ങൾ എല്ലാം ഒരു കുടകീഴിലാക്കി ഏകോപിപ്പിക്കാൻ കഴിയുന്നു എന്നതാണ് ഇതിന്റെ പ്രാധാന്യം. സുതാര്യമായി പ്രവർത്തനങ്ങളെ വിലയിരുത്താൻ ഇത് സഹായിക്കും
പഞ്ചായത്തിലെ വിവിധ അങ്കണവാടികളിൽ നിന്നുള്ള നിരവധി അധ്യാപികമാര്‍ പങ്കെടുത്ത ചടങ്ങിന് ഒടുവിൽ വാർഡ് മെമ്പർ പി. പി. ഹരിദാസ് മാസ്റ്റർ കൃതജ്ഞത രേഖപ്പെടുത്തി.