കാരുണ്യത്തിന്റെ തണൽവിരിച്ച് അമ്പലപ്പാറ; മുന്നൂറോളം പേർ പങ്കെടുത്ത പാലിയേറ്റീവ് കുടുംബസംഗമം ശ്രദ്ധേയമായി
May 22, 2026
പരസ്പരം താങ്ങാവാനും സാന്ത്വനത്തിന്റെ തണൽ വിരിക്കാനുമായി അമ്പലപ്പാറ ഗ്രാമപഞ്ചായത്തും, സാമൂഹികാരോഗ്യകേന്ദ്രം അമ്പലപ്പാറയും സംഘടിപ്പിച്ച പാലിയേറ്റീവ് കുടുംബസംഗമം വേറിട്ടൊരു അനുഭവമായി. രോഗശയ്യയിലുള്ളവർക്കും അവരെ പരിചരിക്കുന്ന കുടുംബാംഗങ്ങൾക്കും മാനസികമായ കരുത്തും സന്തോഷവും പകരുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് ഈ ഒത്തുചേരൽ ഒരുക്കിയത്. ഇന്ന് (മേയ് 19, ചൊവ്വ) രാവിലെ 9 മണിക്ക് ആരംഭിച്ച കുടുംബസംഗമം അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോ. അഭിഷേക് സ്വാഗതം പറയുകയും, വൈസ് പ്രസിഡണ്ട് സൗദ സലീം അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. മുന്നോര്‍ക്കോട് ശ്രീ. ഗണേഷ് കൈലാസ് പ്രചോദന പ്രഭാഷണം നടത്തി. ഒറ്റപ്പാലം ബോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ കെ. രാധാകൃഷ്ണൻ, വ്യാപാരി വ്യവസായി പ്രസിഡണ്ട് പി.കെ. ചന്ദ്രശേഖരൻ തുടങ്ങിയവര്‍ ആശംസകൾ അര്‍പ്പിച്ച് സംസാരിക്കുകയും, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ കെ. കൃഷ്ണപ്രകാശ് നന്ദി പറയുകയും ചെയ്തു. ശാരീരിക ബുദ്ധിമുട്ടുകൾ മറന്ന് പരസ്പരം വിശേഷങ്ങൾ പങ്കുവെക്കാനും ഒന്നിച്ചിരിക്കാനും കഴിഞ്ഞത് ഒട്ടേറെ പേർക്ക് ആശ്വാസമായി. "കുടുംബങ്ങളിൽ രോഗബാധിതരായവർ ഒറ്റയ്ക്കല്ലെന്നും, അവരെ ചേർത്തുപിടിക്കാൻ ഈ നാടും ഗ്രാമപഞ്ചായത്തും എപ്പോഴും കൂടെയുണ്ടാകുമെന്നും" ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡന്റ് ഉറപ്പുനൽകി. വെൽവെറ്റ് വോൾട്ടേജ് ടീം, അമ്പലപ്പാറയിലെ കലാകാരൻമാര്‍ തുടങ്ങിയവര്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ കുടുംബസംഗമത്തിന് മാറ്റ് കൂട്ടി. പങ്കെടുത്ത മുഴുവൻ പാലിയേറ്റീവ് കുടുംബങ്ങൾക്കും, കലാപാരിപാടികൾ അവതരിപ്പിച്ചവര്‍ക്കും ഗ്രാമപഞ്ചായത്ത് ഉപഹാരം നൽകി. അസുഖങ്ങളുടെയും ചികിത്സകളുടെയും മടുപ്പിക്കുന്ന ദിനചര്യകളിൽ നിന്ന് മാറി, രോഗികളും അവരുടെ പരിചാരകരും ഒന്നിച്ച് പാടിയും സംസാരിച്ചും സമയം ചെലവഴിച്ചത് സംഗമത്തെ വൈകാരികവും മനോഹരവുമാക്കി മാറ്റി. പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ, പാലിയേറ്റീവ് കെയർ വോളന്റിയർമാർ, ആശാ വർക്കർമാർ തുടങ്ങിയവർ പരിപാടിയിൽ സജീവമായി പങ്കെടുത്തു. പാലിയേറ്റീവ് പരിചരണ രംഗത്ത് കൂടുതൽ ജനകീയമായ ഇടപെടലുകൾ നടത്തുമെന്ന പ്രഖ്യാപനത്തോടെയാണ് സംഗമം സമാപിച്ചത്.